Thursday, November 1, 2007

മെഴുകുതിരിയുടെ ചൂട്‌

ലോഡ്‌ജ്‌ നിവാസിയായ ആശാന്റെ അയല്‍മുറിയന്‍ ഒരു ഹോമിയോ എം.ഡി.വിദ്യാര്‍ഥിയായിരുന്നു. അധികമാരോടും കമ്പനി കൂടാത്ത ആ യുവാവിനോട്‌ മനുഷ്യസ്‌നേഹിയായ ആശാന്‌ എന്തോ ഒരു അനുകമ്പ തോന്നി. ഉള്‍വലിഞ്ഞ്‌ മുറിയ്‌ക്കുള്ളില്‍ ചടഞ്ഞുകൂടുന്ന ആ വിദ്യാര്‍ഥിയുമായി ചില സര്‍ഗസംവാദങ്ങളില്‍ ഏര്‍പ്പെടാന്‍ ആശാന്‍ ഇടയ്‌ക്ക്‌ സമയം കണ്ടെത്തിയിരുന്നു.

വിചിത്ര സ്വഭാവമുള്ള ആ യുവാവിന്റെ അഭിപ്രായത്തില്‍ ലോകത്ത്‌ ശാസ്‌ത്രീയം എന്നു പറയാവുന്നത്‌ ഹോമിയോപ്പതി മാത്രമാണ്‌. ശാസ്‌ത്രത്തിന്റെ മറ്റ്‌ മേഖലകളില്‍ സംഭവിച്ച മുന്നേറ്റമൊക്കെ ഹോമിയോപ്പതിയുമായി താരതമ്യം ചെയ്‌താല്‍ നിഷ്‌പ്രഭം. ഏത്‌ രോഗത്തിനും മരുന്ന്‌ ഹോമിയോയിലുണ്ടെന്ന്‌ അയാള്‍ ആശാനെ വിശ്വസിപ്പിച്ചു.

'കുറിഞ്ഞി ഓണ്‍ലൈനി'ല്‍ വന്ന ഹോമിയോവിരുദ്ധ ലേഖനങ്ങളെ ആശാന്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, അതില്‍ കാര്യമില്ലെന്ന്‌ യുവാവ്‌ പറഞ്ഞു. മേലില്‍ ബ്ലോഗുകള്‍ വായിക്കരുതെന്നും, മനസമാധാനത്തിന്‌ അതാണ്‌ നന്നെന്നും അയാള്‍ ആശാനോട്‌ പറഞ്ഞു. ബ്ലോഗ്‌വായന നിര്‍ത്താന്‍ പോലും ഹോമിയോയില്‍ മരുന്നുണ്ടെന്ന്‌ അയാള്‍ അറിയിച്ചത്‌ ആശാന്‍ അത്ഭുതത്തോടെയാണ്‌ കേട്ടത്‌.

തുമ്മല്‍ തുടര്‍ച്ചയായി അലട്ടിയിരുന്ന ആശാന്‍ അതിന്‌ യുവാവിനെ അഭയം പ്രാപിച്ചു. ആ എം.ഡി.വിദ്യാര്‍ഥി തന്റെ പാണ്ഡിത്യം ആശാനില്‍ പരീക്ഷിച്ചു. ദിവസവും നാലുനേരം കഴിക്കാന്‍ പഞ്ചസാര ഗുളിക നല്‍കി. ഒരുമാസം കൊണ്ട്‌ തുമ്മല്‍ ഭേദമായ ആശാന്‍ കുട്ടപ്പനായി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ഇങ്ങനെ, അങ്ങനെയെങ്കില്‍ ഡോക്ടറായിക്കഴിഞ്ഞാല്‍ എന്താകും യുവാവിന്റെ സ്ഥിതിയെന്ന്‌ ആശാന്‍ ആലോചിച്ചു.

അതിനു ശേഷം തനിക്കുള്ള മറ്റൊരു അസുഖത്തെപ്പറ്റി ആശാന്‍ യുവാവിന്‌ മുമ്പില്‍ കുമ്പസാരിച്ചു.

ലോഡ്‌ജിന്‌ മുന്നിലൊരു തോടാണ്‌. അതിനപ്പുറം റോഡ്‌. ഒഴിവു കിട്ടുന്ന സമയത്ത്‌ റോഡിലൂടെ പോകുന്ന സുന്ദരികളെ നിരീക്ഷിക്കുക ആശാന്റെ ഹോബിയായിരുന്നു. നിരീക്ഷിക്കുന്നതിലല്ല പ്രശ്‌നം, നിരീക്ഷണം രൂക്ഷമായി ഒടുവില്‍ ക്ഷമ നശിച്ച്‌ താന്‍ വല്ല സ്‌ത്രീ പീഡനത്തിലും പെട്ട്‌ ശിഷ്ടകാലം ജയിലില്‍ അഴിയെണ്ണേണ്ടി വരുമോ എന്ന സംശയം മൂത്തപ്പോഴാണ്‌, അതിന്‌ ഹോമിയോയില്‍ ചികിത്സയുണ്ടോ എന്ന്‌ യുവാവിനോട്‌ ആരാഞ്ഞത്‌. അതിനും കിട്ടി ആശാന്‌ ഒരുപിടി പഞ്ചാര ഗുളികകള്‍.

അങ്ങനെ ആശാന്‌ ഹോമിയോയില്‍ വിശ്വാസം വര്‍ധിച്ചു വര്‍ധിച്ചു വന്നു. ഒരു ദിവസം തൊട്ടപ്പുറത്തെ മുറിയിലെ രാമഭദ്രന്‍ ആശാനെ വന്ന്‌ മുട്ടിവിളിച്ചു. കാര്യം തിരക്കിയപ്പോള്‍ കൂടെച്ചെല്ലാന്‍ അയാള്‍ ആവശ്യപ്പെട്ടു, ശബ്ദമുണ്ടാക്കരുതെന്ന്‌ ആഗ്യം കാട്ടുകയും ചെയ്‌തു. ഹോമിയോ യുവാവിന്റെ റൂമിനടുത്തേക്കാണ്‌ ആശാനെ അയാള്‍ ആനയിച്ചത്‌.

ജനാലയിലൂടെ പാളി നോക്കിയപ്പോള്‍ കണ്ട കാഴ്‌ച ആശാന്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മുറിക്കുള്ളിലെ അയയില്‍ തൂക്കിയിട്ടിരിക്കുന്ന അണ്ടര്‍വെയറിന്‌ സമീപം മെഴുകുതിരി കത്തിച്ചു പിടിച്ച്‌ ധ്യാനത്തിലെന്ന പോലെ നില്‍ക്കുന്ന യുവാവ്‌. മെഴുകുതിരി കത്തിച്ച്‌ പല മൂര്‍ത്തികളെയും പൂജിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒട്ടേറെപ്പേരെ ആശാന്‍ കണ്ടിട്ടുണ്ട്‌. നസ്രാണികളുടെ കാര്യമാണെങ്കില്‍ ബീഫും കുപ്പിയും കഴിഞ്ഞാല്‍ പിന്നെ പ്രധാനം മെഴുകുതിരിയാണ്‌. എന്നാല്‍, ഇത്തരമൊരു മൂര്‍ത്തിയെ ഒരാള്‍ പൂജിക്കുമെന്ന്‌ ഇതുവരെ ആശാന്‍ കളിയായിപ്പോലും കരുതിയിരുന്നില്ല.

എന്താണ്‌ സംഗതിയെന്ന്‌ ചോദിച്ചു നോക്കൂ, ആശാന്റെ സുഹൃത്തല്ലേ-രാമഭദ്രന്‍ താഴ്‌ന്ന സ്വരത്തില്‍ അപേക്ഷിച്ചു. ആശാന്‍ രണ്ടും കല്‍പ്പിച്ച്‌ മുറിയുടെ കതകില്‍ തട്ടി. യുവാവ്‌ കതകു തുറന്നു. ആശാനെ കണ്ട്‌ പുഞ്ചിരി തൂകി. "മെഴുകുതിരി കത്തിച്ച്‌ എന്താണ്‌ ഏര്‍പ്പാട്‌"-ആശാന്‍ ചോദിച്ചു. "അതേ, ഷഡ്ഡി കഴുകിയിട്ടിരിക്കുവാ, ഉണക്കാനുള്ള ശ്രമമായിരുന്നു"-യുവാവ്‌ സാധാരണഗതിയില്‍ പറഞ്ഞു.

"അതിന്‌ ഫാനിട്ടാല്‍ പോരെ വേഗം ഉണങ്ങിക്കിട്ടില്ലേ"-ആശാന്‍ ചോദിച്ചു. "അതേയ്‌, ഞാനത്‌ ആലോചിച്ചു. പക്ഷേ, ഫാനിന്റെ കാറ്റിന്‌ ചൂടില്ലല്ലോ, മെഴുകുതിരിയാകുമ്പം അതുണ്ട്‌"-സംഭവത്തിന്റെ ശാസ്‌ത്രീയത കേട്ട ആശാന്റെ കണ്ണുതള്ളി. അതോടെ ഹോമിയോ ചികിത്സ നിര്‍ത്തിയതായും, വീണ്ടും റോഡിലേക്കുള്ള നിരീക്ഷണം പൂര്‍വാധികം ഭംഗിയായി ആരംഭിച്ചതായും ആശാന്‍ സാക്ഷ്യപ്പെടുത്തുന്നു.

Monday, October 29, 2007

ഒരു 'ഹിറ്റ്‌' കഥ-കുറ്റബോധത്തോടെ

ഏത്‌ മാസിക തുറന്നാലും ബൂലോകത്തെക്കുറിച്ചും മലയാളം ബ്ലോഗുകളെക്കുറിച്ചുമുള്ള ഫീച്ചറുകള്‍, അഭിമുഖങ്ങള്‍. പത്ര സപ്ലിമെന്റുകളുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. ഇതെല്ലാം വായിച്ച്‌ ഹാലിളകിയ ആശാന്‍ സ്വന്തമായി ബ്ലോഗ്‌ ആരംഭിക്കാന്‍ ആവേശത്തോടെ തീരുമാനിച്ചു.

അതിന്‌ മുന്നോടിയായി ചില തയ്യാറെടുപ്പുകളൊക്കെ നടത്തി. മലയാളം യുണികോഡ്‌, അഞ്‌ജലിഓള്‍ഡ്‌ ലിപി, രചന, അതിനിടയില്‍ നടക്കുന്ന അടി, പൊടിപൂരം ഒക്കെ വായിച്ച്‌ ആശാന്‍ സ്വയം ബോധവത്‌ക്കരിച്ചു.

കൊടകര പുരാണവും മറ്റ്‌ പുണ്യപുരാണ ബ്ലോഗുകളും വായിച്ച്‌ മനസ്‌ കുളിര്‍പ്പിച്ചു. വടകര പുരാണം എന്നൊന്ന്‌ തുടങ്ങി, വിശാലന്റെ വയറ്റത്തടിച്ചാലോ എന്ന്‌ പലവട്ടം ചിന്തിച്ചു. ഒടുവില്‍ അത്‌ വേണ്ടെന്നു വെച്ചു, പാവം എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ.

അവസാനം 'ആശാന്‍ കഥകള്‍' എന്ന സര്‍വസാധാരണ നാമം സ്വീകരിക്കാന്‍ ഉറച്ച തീരുമാനമെടുത്തു. സംഭവം തുടങ്ങുകയും ചെയ്‌തു, ആദ്യപോസ്‌റ്റിങും നടത്തി. വീണ്ടും ബൂലോകത്ത്‌ കറക്കം തുടങ്ങി, മറ്റ്‌ ബ്ലോഗുകളുടെ സ്ഥിതിവിവരക്കണക്ക്‌ മനസിലാക്കാന്‍.

ചില ബ്ലോഗുകളില്‍ സന്ദര്‍ശകരുടെ എണ്ണം കണ്ട ആശാന്‌ ആശയടക്കാനായില്ല. പതിനായിരക്കണക്കിന്‌ ആളുകള്‍ ഈ ബ്ലോഗില്‍ സന്ദര്‍ശിച്ചിരിക്കുന്നു എന്ന പ്രഖ്യാപനത്തോടെയുള്ള 'ഹിറ്റ്‌ലിസ്‌റ്റുകള്‍'! ഞാന്‍ ചില്ലറക്കാരനല്ല, എന്റെ ബ്ലോഗും ആളുകള്‍ കാണും എന്ന ബ്ലോഗറുടെ പ്രഖ്യാപനമായി ആ ഹിറ്റ്‌ലിസ്റ്റുകളെ ആശാന്‍ വായിച്ചെടുത്തു.

സ്വതേ അഭിമാനിയായ ആശാനും തോന്നി ഒരു 'ഹിറ്റ്‌കൗണ്ടര്‍' സ്വന്തം ബ്ലോഗില്‍ ഫിറ്റുചെയ്യാന്‍. അതിനായി ഹിറ്റ്‌കൗണ്ടര്‍ ഡൗണ്‍ലോഡ്‌ ചെയ്‌തപ്പോഴാണ്‌ മോഹനീയമായ ഒരു സംഗതി ആശാന്റെ ദൃഷ്ടിയില്‍ പെട്ടത്‌. ഹിറ്റ്‌ എത്രയില്‍ തുടങ്ങണം എന്നെഴുതാന്‍ ഹിറ്റ്‌കൗണ്ട്‌ പ്രോഗ്രാമില്‍ ഒരു കോളം.

പരദേവതകളേ, ഈ കോളത്തില്‍ ഞാന്‍ ഒരുലക്ഷം എന്നെഴുതിയാല്‍, അടുത്ത ഹിറ്റില്‍ അത്‌ ഒരുലക്ഷത്തിയൊന്ന്‌ ആകും, ആശാന്‍ ഓര്‍ത്തു. ഇതൊന്നും അറിയാത്ത പാവപ്പെട്ട ബ്ലോഗ്‌ വായനക്കാരെ, ഹിറ്റിന്റെ വലിപ്പം കാട്ടി പേടിപ്പിക്കാം.

അപ്പോള്‍ താന്‍ എത്രയില്‍ തുടങ്ങണം, ആശാന്‍ ആലോചിച്ചു. സത്യത്തിനും നീതിക്കും നിരക്കുന്ന ഒരു സംഖ്യതന്നെ വേണം എന്ന കാര്യത്തില്‍ സംശയമില്ല. അമ്പതിനായിരം ആയാലോ, ച്ഛേ, മോശമല്ലേ. എങ്കില്‍ പതിനായിരം, അല്ലെങ്കില്‍ വേണ്ട അയ്യായിരം.

ചിന്ത ഇത്രയുമായപ്പോള്‍ ആശാന്‍ ഓര്‍ത്തു, ബ്ലോഗ്‌ തുടങ്ങിയിട്ട്‌ രണ്ടു ദിവസമേ ആയിട്ടുള്ളു. അക്കാര്യം കൂടി സ്‌റ്റാറ്റിസ്‌റ്റിക്‌സില്‍ പരിഗണിക്കണം. അങ്ങനെ ആശാന്‍ അഞ്ഞൂറില്‍ ഹിറ്റ്‌ തുടങ്ങി.

ഇനി വായനക്കാര്‍ ഈ പേജിന്റെ ഇടതു വശത്തു കാണുന്ന സന്ദര്‍ശകരുടെ എണ്ണം ഒന്ന്‌ നോക്കണം. അവിടെയുള്ള സംഖ്യയില്‍ നിന്ന്‌ കൃത്യം 500 കുറച്ചാല്‍, ഹിറ്റുകളുടെ എണ്ണം കറക്ടായി കിട്ടും.

Sunday, October 28, 2007

ഗൂഗിള്‍ ചെയ്‌ത ചതി

ഗൂഗിളിന്റെ കടുത്ത ആരാധകനായിരുന്നു ആശാന്‍. സ്വാഭാവികമായും, ഗൂഗിളിന്റെ പുതിയ ട്രാന്‍സ്‌ലിറ്ററേഷന്‍ ടൂളിനെപ്പറ്റി സിബുവിന്റെ ബ്ലോഗില്‍ കണ്ടപ്പോള്‍ ആശാന്‌ നില്‍ക്കക്കള്ളിയില്ലാതായി. കഷ്ടിച്ച്‌ മലയാളം മാത്രം വഴങ്ങുന്ന തനിക്ക്‌ മുന്നിലിതാ, മറ്റ്‌ നാല്‌ ഭാരതീയഭാഷകള്‍ വന്നു വണങ്ങി നില്‍ക്കുന്നു!

നിരക്ഷരതയ്‌ക്ക്‌ ഇനി രക്ഷയില്ല, ആശാന്‍ ഓര്‍ത്തു. ടിം ബേണസ്‌ ലീ പത്തുവര്‍ഷം മുന്‍കൂട്ടി വേള്‍ഡ്‌ വൈഡ്‌ വെബ്ബ്‌ കണ്ടുപിടിക്കുകയും, ഗൂഗിള്‍ അതിനനുസരിച്ച്‌ മുമ്പേ പറക്കുന്ന പക്ഷിയാവുകയും ചെയ്‌തിരുന്നെങ്കില്‍, ഈ ട്രാന്‍സ്‌ലിറ്ററേഷന്‍ ടൂള്‍ അതിനനുസരിച്ച്‌ രംഗത്തെത്തുകയും ചെയ്‌തിരുന്നെങ്കില്‍, കേരളത്തില്‍ സമ്പൂര്‍ണ സാക്ഷരതായത്‌നം തന്നെ വേണ്ടി വരില്ലായിരുന്നു. എത്ര കാലാജാഥകള്‍, എത്ര ബോധവത്‌ക്കരണങ്ങള്‍, ഹോ, ഒന്നും വേണ്ടിവരുമായിരുന്നില്ല, ആശാന്‍ പരിതപിച്ചു.

പുതിയൊരു സാധ്യത മുന്നില്‍ വന്നാല്‍, അത്‌ പരീക്ഷിക്കാന്‍ മടി കാണിക്കരുതെന്ന ചിന്താഗതിക്കാരനായിരുന്നു ആശാന്‍. അതുപ്രകാരം ഗൂഗിള്‍ ടൂള്‍ പരീക്ഷിക്കാന്‍ എന്താണ്‌ മാര്‍ഗമെന്ന്‌ ആലോചിച്ചു. തിരിച്ചും മറിച്ചും ചിന്തിച്ചപ്പോള്‍, മധുരയില്‍ താമസിക്കുന്ന തന്റെ മരുമകന്റെ രൂപത്തില്‍ സാധ്യത തെളിഞ്ഞു തെളിഞ്ഞു വന്നു.

തമിഴനായ മരുമകന്‌ അവന്റെ മാതൃഭാഷയില്‍ തന്നെ ഇ-മെയില്‍ അയച്ചു ഞെട്ടിച്ചാലോ. തകര്‍ത്തു, ആശയം കൊള്ളാം, ആശാന്‌ ആവേശമായി. അങ്ങനെ, മലയാളത്തില്‍ വിചാരിച്ച്‌, ഇംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്‌ത്‌, സ്‌പേസ്‌ബാര്‍ തട്ടി തമിഴാക്കിയ ഇ-മെയില്‍ മരുമകനെത്തേടി മധുരയിലേക്ക്‌ പാഞ്ഞു.

ആശാന്‍ സമാധാനത്തോടെ അന്നുറങ്ങി. ആദ്യമായി അന്യഭാഷയില്‍ ഒരു മെയില്‍ അയയ്‌ക്കാന്‍ കഴിയുകയെന്നു പറഞ്ഞാല്‍ ചില്ലറ കാര്യമല്ലല്ലോ. പക്ഷേ, പിറ്റെ ദിവസം ഇ-മെയില്‍ ചെക്കുചെയ്‌ത ആശാന്‍ ഞെട്ടി. ഒരക്ഷരം പോലും തമിഴ്‌ അറിയാത്ത തനിക്കിതാ, കട്ടത്തമിഴിലൊരു കത്ത്‌ മരുമകന്റെ വകയായി വന്നു കിടക്കുന്നു!