Sunday, October 28, 2007

ഗൂഗിള്‍ ചെയ്‌ത ചതി

ഗൂഗിളിന്റെ കടുത്ത ആരാധകനായിരുന്നു ആശാന്‍. സ്വാഭാവികമായും, ഗൂഗിളിന്റെ പുതിയ ട്രാന്‍സ്‌ലിറ്ററേഷന്‍ ടൂളിനെപ്പറ്റി സിബുവിന്റെ ബ്ലോഗില്‍ കണ്ടപ്പോള്‍ ആശാന്‌ നില്‍ക്കക്കള്ളിയില്ലാതായി. കഷ്ടിച്ച്‌ മലയാളം മാത്രം വഴങ്ങുന്ന തനിക്ക്‌ മുന്നിലിതാ, മറ്റ്‌ നാല്‌ ഭാരതീയഭാഷകള്‍ വന്നു വണങ്ങി നില്‍ക്കുന്നു!

നിരക്ഷരതയ്‌ക്ക്‌ ഇനി രക്ഷയില്ല, ആശാന്‍ ഓര്‍ത്തു. ടിം ബേണസ്‌ ലീ പത്തുവര്‍ഷം മുന്‍കൂട്ടി വേള്‍ഡ്‌ വൈഡ്‌ വെബ്ബ്‌ കണ്ടുപിടിക്കുകയും, ഗൂഗിള്‍ അതിനനുസരിച്ച്‌ മുമ്പേ പറക്കുന്ന പക്ഷിയാവുകയും ചെയ്‌തിരുന്നെങ്കില്‍, ഈ ട്രാന്‍സ്‌ലിറ്ററേഷന്‍ ടൂള്‍ അതിനനുസരിച്ച്‌ രംഗത്തെത്തുകയും ചെയ്‌തിരുന്നെങ്കില്‍, കേരളത്തില്‍ സമ്പൂര്‍ണ സാക്ഷരതായത്‌നം തന്നെ വേണ്ടി വരില്ലായിരുന്നു. എത്ര കാലാജാഥകള്‍, എത്ര ബോധവത്‌ക്കരണങ്ങള്‍, ഹോ, ഒന്നും വേണ്ടിവരുമായിരുന്നില്ല, ആശാന്‍ പരിതപിച്ചു.

പുതിയൊരു സാധ്യത മുന്നില്‍ വന്നാല്‍, അത്‌ പരീക്ഷിക്കാന്‍ മടി കാണിക്കരുതെന്ന ചിന്താഗതിക്കാരനായിരുന്നു ആശാന്‍. അതുപ്രകാരം ഗൂഗിള്‍ ടൂള്‍ പരീക്ഷിക്കാന്‍ എന്താണ്‌ മാര്‍ഗമെന്ന്‌ ആലോചിച്ചു. തിരിച്ചും മറിച്ചും ചിന്തിച്ചപ്പോള്‍, മധുരയില്‍ താമസിക്കുന്ന തന്റെ മരുമകന്റെ രൂപത്തില്‍ സാധ്യത തെളിഞ്ഞു തെളിഞ്ഞു വന്നു.

തമിഴനായ മരുമകന്‌ അവന്റെ മാതൃഭാഷയില്‍ തന്നെ ഇ-മെയില്‍ അയച്ചു ഞെട്ടിച്ചാലോ. തകര്‍ത്തു, ആശയം കൊള്ളാം, ആശാന്‌ ആവേശമായി. അങ്ങനെ, മലയാളത്തില്‍ വിചാരിച്ച്‌, ഇംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്‌ത്‌, സ്‌പേസ്‌ബാര്‍ തട്ടി തമിഴാക്കിയ ഇ-മെയില്‍ മരുമകനെത്തേടി മധുരയിലേക്ക്‌ പാഞ്ഞു.

ആശാന്‍ സമാധാനത്തോടെ അന്നുറങ്ങി. ആദ്യമായി അന്യഭാഷയില്‍ ഒരു മെയില്‍ അയയ്‌ക്കാന്‍ കഴിയുകയെന്നു പറഞ്ഞാല്‍ ചില്ലറ കാര്യമല്ലല്ലോ. പക്ഷേ, പിറ്റെ ദിവസം ഇ-മെയില്‍ ചെക്കുചെയ്‌ത ആശാന്‍ ഞെട്ടി. ഒരക്ഷരം പോലും തമിഴ്‌ അറിയാത്ത തനിക്കിതാ, കട്ടത്തമിഴിലൊരു കത്ത്‌ മരുമകന്റെ വകയായി വന്നു കിടക്കുന്നു!

4 comments:

ആശാന്‍ said...

നിരക്ഷരതയ്‌ക്ക്‌ ഇനി രക്ഷയില്ല, ആശാന്‍ ഓര്‍ത്തു. ടിം ബേണസ്‌ ലീ പത്തുവര്‍ഷം മുന്‍കൂട്ടി വേള്‍ഡ്‌ വൈഡ്‌ വെബ്ബ്‌ കണ്ടുപിടിക്കുകയും, ഗൂഗിള്‍ അതിനനുസരിച്ച്‌ മുമ്പേ പറക്കുന്ന പക്ഷിയാവുകയും ചെയ്‌തിരുന്നെങ്കില്‍, ഈ ട്രാന്‍സ്‌ലിറ്ററേഷന്‍ ടൂള്‍ അതിനനുസരിച്ച്‌ രംഗത്തെത്തുകയും ചെയ്‌തിരുന്നെങ്കില്‍, കേരളത്തില്‍ സമ്പൂര്‍ണ സാക്ഷരതായത്‌നം തന്നെ വേണ്ടി വരില്ലായിരുന്നു. എത്ര കാലാജാഥകള്‍, എത്ര ബോധവത്‌ക്കരണങ്ങള്‍, ഹോ, ഒന്നും വേണ്ടിവരുമായിരുന്നില്ല, ആശാന്‍ പരിതപിച്ചു.

ടിന്റുമോന്‍ said...

പറ്റുമെങ്കില്‍ അതൊന്നു വായിച്ചു നോക്കു.. കട്ടത്തെറി ആവാനും സാധ്യതയുണ്ട്‌. സ്വന്തം മരുമോനെക്കൊണ്ടതു ചെയ്യിച്ചില്ലേ.. കഷ്ടം

ഡി .പ്രദീപ് കുമാർ said...

ആ വിദ്യ ഒന്നു പറഞ്ഞുതരുമോ?
ഈ വേഡ് വെരിഫിക്കേഷന്‍ മറ്റുമോ.

ആശാന്‍ said...

ഗൂഢാര്‍ഥം വെച്ചു ചിരി സമ്മാനിച്ചു പോയ സിബുവിനും,
ആശാനെ കടത്തിവെട്ടിയ ടിന്റുമോനും,
ട്രാന്‍സ്‌ലിറ്ററേഷന്‍ വിദ്യയെക്കുറിച്ചു സംശയം ചോദിച്ച ഡി പ്രദീപ്‌ കുമാറിനും,
பெருத்து நண்ணி
(പെരുത്തു നന്ദി)