ശാസ്‌ത്രകുതുകിയായ ആശാന്‍ ആപേക്ഷികതാസിദ്ധാന്തം എന്തെന്ന് ഭാര്യയ്‌ക്ക് പറഞ്ഞുകൊടുക്കുകയായിരുന്നു. സംഭവം ശരിക്കു മനസിലാകാനായി ഒരു അനുഭവം വിവരിച്ചു. കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ സ്ഥിരം പറയുന്ന പത്രശൈലിയുണ്ടല്ലോ, സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ എന്ന്. അതു മാതിരി അനുഭവം ആശാന്‍ പറഞ്ഞത് ഇങ്ങനെ:
പ്രിയതമേ, ക്രിസ്‌തുമസ് തലേന്ന് രാത്രി കോയമ്പത്തൂരില്‍ നിന്ന് കൊല്ലം വരെ റിസര്‍വേഷനില്ലാതെ തീവണ്ടിയില്‍ യാത്രചെയ്യേണ്ട ഗതികേട് എനിക്കുണ്ടായത് നീ ഓര്‍ക്കുന്നുണ്ടാവുമല്ലോ. രാത്രി 12 മണിക്ക് കോയമ്പത്തൂരിലെത്തുന്ന ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയാല്‍ ശ്വാസംമുട്ടി മരിക്കേണ്ടിവരുമെന്ന് എന്റെ അഭ്യുദയകാംക്ഷിയായ ലാലുപ്രസാദ് യാദവ് പറഞ്ഞത് അവഗണിച്ചായിരുന്നു യാത്ര.
തീവണ്ടിക്ക് മുമ്പിലും പിറകിലും ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ഉള്ള കാര്യം, എന്നും എ.സി.യില്‍ മാത്രം യാത്രചെയ്യാന്‍ വിധിക്കപ്പെട്ടിട്ടുള്ള ഭവതി ശ്രദ്ധിച്ചിരിക്കില്ല. എന്നാല്‍, അങ്ങനെയാണ് സംഭവം. തീവണ്ടിയില്‍ ഇങ്ങനെ ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലത്തില്‍ രണ്ടറ്റത്ത് ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് സ്ഥിതിചെയ്യുന്നതുകൊണ്ടുള്ള ഒരു പ്രശ്‌നം, മുന്‍വശത്ത് കയറുന്നവന് ഒരിക്കലും പിന്നിലെ തിരക്ക് എത്രയുണ്ടെന്ന് അറിയാന്‍ കഴിയില്ല എന്നതാണ്. അതിനാല്‍ മുന്നില്‍ കയറണോ, പിന്നില്‍ വേണോ എന്ന ആശയക്കുഴപ്പം പാവം യാത്രക്കാരനെ ഉലയ്‌ക്കുമെന്ന് തീര്‍ച്ച.
പക്ഷേ, ഞാന്‍ ഒരിക്കലും പിന്നില്‍ കയറുന്നവനല്ല എന്ന് ഭവതിക്കാണല്ലോ ഏറ്റവും നന്നായി അറിയാവുന്നത്. അതിനാല്‍ മുന്നിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ഉന്നംവെച്ചു. വണ്ടിവന്ന് ചിറകുകള്‍ വിടര്‍ത്തി കൂവിനിന്നു. കൂവലടങ്ങയപ്പോള്‍ ആരും അവിടെ ഇറങ്ങാനില്ല എന്ന സത്യം മനസിലായി, കയറാനാണെങ്കില്‍ എന്നെപ്പോലെ ഗതികെട്ട എത്രയോ പേര്‍. ഉള്ളിലേക്ക് ഒരാള്‍ക്ക് പോലും കയറാന്‍ കഴിയാത്തവിധം ആളുകള്‍ വാതില്‍ക്കല്‍ ഇടിഞ്ഞമര്‍ന്ന് നില്‍ക്കുകയായിരുന്നു. രണ്ടാമത്തെ കമ്പാര്‍ട്ട്‌മെന്റില്‍ ഒരുവിധം വാതില്‍ കടന്നു. പക്ഷേ, മനുഷ്യമതിലിലൂടെ എങ്ങനെ ഉള്ളിലെത്തും.
ഉള്ളിലെത്താനുള്ള എന്റെ പരാക്രമത്തിനിടെ ഒന്നുരണ്ട് സുഹൃത്തുക്കള്‍ നടത്തിയ കാ, കൂ പ്രയോഗങ്ങള്‍ ഞാന്‍ അവഗണിച്ചു. സംസ്‌ക്കാരശൂന്യര്‍ പറയുന്നത് സ്വാഭാവികമായും നമ്മള്‍ അവഗണിക്കണമല്ലോ. സീറ്റുകള്‍ നിറഞ്ഞ് കവിഞ്ഞ്, കാറ്റ് വീഴ്‌ച ബാധിച്ചതു പോലെ ആളുകള്‍ തെക്കുംവടക്കും കുരുങ്ങിക്കിടക്കുന്നു. എവിടെയൊക്കെ താങ്ങ് കിട്ടുമോ അവിടെയെല്ലാം യാത്രക്കാര്‍. കാലുകുത്താന്‍ സ്ഥലമില്ല, ശബരിമല തീര്‍ഥാടകര്‍ കല്ലുംമുള്ളും മെത്തയാക്കി തറയില്‍ നിരനിരയായി കിടക്കുകയാണ്.
എന്റെ അവസ്ഥ ഭവതിക്ക് ഊഹിക്കാവുന്നതല്ലേയുള്ളു. ഒരുവിധം കമ്പാര്‍ട്ട്‌മെന്റിന്റെ മധ്യത്തില്‍ എത്തി, കാലിന്റെ പെരുവിരല്‍ ഊന്നാന്‍ കിട്ടിയ സ്ഥലം ഞാന്‍ കൈക്കലാക്കി. ബാഗ് ഒരുവിധം മുകളിലെവിടെയോ പ്രതിഷ്‌ഠിച്ചു. വണ്ടി നീങ്ങിത്തുടങ്ങി. അപ്പോഴാണ് പെട്ടന്ന് അവള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് എന്റെ അരികിലായി നിലയുറപ്പിച്ചത്, ഒരു അപ്‌സരസ് പോലെ. മൂക്കുത്തിയിട്ട സുന്ദരി, സുശീല. സേലത്ത് നിന്ന് കയറിയതു മുതല്‍ നില്‍ക്കുകയായിരുന്ന അവളെ, കോയമ്പത്തൂരെത്തിയപ്പോള്‍ ആരോ അല്‍പ്പനേരം സീറ്റില്‍ ഇരിക്കാന്‍ ദയാപൂര്‍വം അനുവദിച്ചതാണ്.
അവള്‍ അടുത്ത് നില്‍പ്പ് തുടങ്ങിയതോടെ, അനാകര്‍ഷകവും ആയാസഭരിതവും രാത്രിയുടെ മടുപ്പും യാത്രക്കാരുടെ ശരീരഗന്ധവും കൊണ്ട് വീര്‍പ്പുമുട്ടിനിന്ന അന്തരീക്ഷത്തിന് മയംവന്നപോലെ എനിക്ക് തോന്നി. ഞങ്ങള്‍ രണ്ടാളും ഒരു ദ്വീപില്‍ പെട്ടതുപോലെ. ചുറ്റും സുഖനിദ്രയില്‍ സ്വാമിഭക്തന്‍മാര്‍. കുറെയകലെ രണ്ടുഭാഗത്തും വാതിലിന്റെയടുത്താണ് തിങ്ങിഞെരുങ്ങിയ ജനം. യാത്ര സുഖകരമായ അനുഭവമായി മാറി. തൃശ്ശൂരെത്താന്‍ ഇനി ഏറെ നേരം വേണ്ടിവരുമോ എന്ന് അവളെന്നോട് സ്വകാര്യം പോലെ ചോദിച്ചു. ഇല്ല, ഏറിയാല്‍ രണ്ടുമണിക്കൂര്‍ എന്ന് ഞാന്‍ മറുപടിയും നല്‍കി.
ആ രണ്ട് മണിക്കൂറിനുള്ളില്‍ കാര്യമാത്രമപ്രസക്തമായ ചില കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചു. തൃശ്ശൂരെത്തിയത് അറിഞ്ഞില്ല. രണ്ട് മണിക്കൂര്‍ രണ്ട് നിമിഷം പോലെ പോയി. അവള്‍ ഒരുവിധം അവിടെ ഇറങ്ങി. ഞാന്‍ ഏകാന്തതയുടെ കയത്തിലായി. പിന്നെയങ്ങോട്ട് സൂപ്പര്‍ഫാസ്റ്റ് നീങ്ങുന്നില്ലെന്ന് തോന്നി. കോട്ടയത്ത് എത്താനുള്ള രണ്ട് മണിക്കൂര്‍ രണ്ട് യുഗംപോലെയാണ് അനുഭവപ്പെട്ടത്.
ആശാന്‍ സംഭവ വിവരണം ഏതാണ്ട് പൂര്‍ത്തിയാക്കി. എന്നാല്‍, ഇതാണ് ആപേക്ഷികത എന്ന് വിവരിക്കാനോ, തീവണ്ടി കൊല്ലത്ത് എത്തുന്നതിനിടെ മറ്റെന്തെങ്കിലും സംഭവിച്ചോ എന്ന് പറയാനോ അവസരം നല്‍കാതെ ഭാര്യ ഒരു ഫോറം ആശാന് നേരെ നീട്ടി, ഒപ്പിടാന്‍. ഇത് ആപേക്ഷികതാസിദ്ധാന്തമല്ല, അതിലും ചെറിയ സംഗതിയാണ്, വിവാഹമോചനത്തിനുള്ള അപേക്ഷ-അവള്‍ പറഞ്ഞു. ''ആശാനെ ഞാന്‍ ഡൈവോഴ്‌സ് ചെയ്യുകയാണ്, ഇത്ര വൃത്തികെട്ടവനാണ് ആശാന്‍ എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല''. അവളുടെ നിശിതമായ അഭിപ്രായം കേട്ട് ആശാന്‍ നടുങ്ങി.
പിന്നീട് തീവണ്ടി കണ്ടാല്‍ അങ്ങോട്ട് നോക്കുക പോലുമില്ലായിരുന്നു എന്നാണ് പില്‍ക്കാലത്ത് ആശാന്‍ അഭിപ്രായപ്പെട്ടത്.
ഗുണപാഠം: വേറെ ആരുടെ ഭാര്യയെ ആപേക്ഷികതാസിദ്ധാന്തം പഠിപ്പിച്ചാലും, സ്വന്തം ഭാര്യയുടെ അടുത്ത് മാത്രം അരുത്.
Tuesday, December 30, 2008
Subscribe to:
Post Comments (Atom)
1 comment:
വണ്ടി നീങ്ങിത്തുടങ്ങി. അപ്പോഴാണ് പെട്ടന്ന് അവള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് എന്റെ അരികിലായി നിലയുറപ്പിച്ചത്, ഒരു അപ്‌സരസ് പോലെ. മൂക്കുത്തിയിട്ട സുന്ദരി, സുശീല. സേലത്ത് നിന്ന് കയറിയതു മുതല്‍ നില്‍ക്കുകയായിരുന്ന അവളെ, കോയമ്പത്തൂരെത്തിയപ്പോള്‍ ആരോ അല്‍പ്പനേരം സീറ്റില്‍ ഇരിക്കാന്‍ ദയാപൂര്‍വം അനുവദിച്ചതാണ്. അവള്‍ അടുത്ത് നില്‍പ്പ് തുടങ്ങിയതോടെ, അനാകര്‍ഷകമായ യാത്ര വേഗം ആനന്ദദായകമായി.
Post a Comment