Monday, October 29, 2007

ഒരു 'ഹിറ്റ്‌' കഥ-കുറ്റബോധത്തോടെ

ഏത്‌ മാസിക തുറന്നാലും ബൂലോകത്തെക്കുറിച്ചും മലയാളം ബ്ലോഗുകളെക്കുറിച്ചുമുള്ള ഫീച്ചറുകള്‍, അഭിമുഖങ്ങള്‍. പത്ര സപ്ലിമെന്റുകളുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. ഇതെല്ലാം വായിച്ച്‌ ഹാലിളകിയ ആശാന്‍ സ്വന്തമായി ബ്ലോഗ്‌ ആരംഭിക്കാന്‍ ആവേശത്തോടെ തീരുമാനിച്ചു.

അതിന്‌ മുന്നോടിയായി ചില തയ്യാറെടുപ്പുകളൊക്കെ നടത്തി. മലയാളം യുണികോഡ്‌, അഞ്‌ജലിഓള്‍ഡ്‌ ലിപി, രചന, അതിനിടയില്‍ നടക്കുന്ന അടി, പൊടിപൂരം ഒക്കെ വായിച്ച്‌ ആശാന്‍ സ്വയം ബോധവത്‌ക്കരിച്ചു.

കൊടകര പുരാണവും മറ്റ്‌ പുണ്യപുരാണ ബ്ലോഗുകളും വായിച്ച്‌ മനസ്‌ കുളിര്‍പ്പിച്ചു. വടകര പുരാണം എന്നൊന്ന്‌ തുടങ്ങി, വിശാലന്റെ വയറ്റത്തടിച്ചാലോ എന്ന്‌ പലവട്ടം ചിന്തിച്ചു. ഒടുവില്‍ അത്‌ വേണ്ടെന്നു വെച്ചു, പാവം എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ.

അവസാനം 'ആശാന്‍ കഥകള്‍' എന്ന സര്‍വസാധാരണ നാമം സ്വീകരിക്കാന്‍ ഉറച്ച തീരുമാനമെടുത്തു. സംഭവം തുടങ്ങുകയും ചെയ്‌തു, ആദ്യപോസ്‌റ്റിങും നടത്തി. വീണ്ടും ബൂലോകത്ത്‌ കറക്കം തുടങ്ങി, മറ്റ്‌ ബ്ലോഗുകളുടെ സ്ഥിതിവിവരക്കണക്ക്‌ മനസിലാക്കാന്‍.

ചില ബ്ലോഗുകളില്‍ സന്ദര്‍ശകരുടെ എണ്ണം കണ്ട ആശാന്‌ ആശയടക്കാനായില്ല. പതിനായിരക്കണക്കിന്‌ ആളുകള്‍ ഈ ബ്ലോഗില്‍ സന്ദര്‍ശിച്ചിരിക്കുന്നു എന്ന പ്രഖ്യാപനത്തോടെയുള്ള 'ഹിറ്റ്‌ലിസ്‌റ്റുകള്‍'! ഞാന്‍ ചില്ലറക്കാരനല്ല, എന്റെ ബ്ലോഗും ആളുകള്‍ കാണും എന്ന ബ്ലോഗറുടെ പ്രഖ്യാപനമായി ആ ഹിറ്റ്‌ലിസ്റ്റുകളെ ആശാന്‍ വായിച്ചെടുത്തു.

സ്വതേ അഭിമാനിയായ ആശാനും തോന്നി ഒരു 'ഹിറ്റ്‌കൗണ്ടര്‍' സ്വന്തം ബ്ലോഗില്‍ ഫിറ്റുചെയ്യാന്‍. അതിനായി ഹിറ്റ്‌കൗണ്ടര്‍ ഡൗണ്‍ലോഡ്‌ ചെയ്‌തപ്പോഴാണ്‌ മോഹനീയമായ ഒരു സംഗതി ആശാന്റെ ദൃഷ്ടിയില്‍ പെട്ടത്‌. ഹിറ്റ്‌ എത്രയില്‍ തുടങ്ങണം എന്നെഴുതാന്‍ ഹിറ്റ്‌കൗണ്ട്‌ പ്രോഗ്രാമില്‍ ഒരു കോളം.

പരദേവതകളേ, ഈ കോളത്തില്‍ ഞാന്‍ ഒരുലക്ഷം എന്നെഴുതിയാല്‍, അടുത്ത ഹിറ്റില്‍ അത്‌ ഒരുലക്ഷത്തിയൊന്ന്‌ ആകും, ആശാന്‍ ഓര്‍ത്തു. ഇതൊന്നും അറിയാത്ത പാവപ്പെട്ട ബ്ലോഗ്‌ വായനക്കാരെ, ഹിറ്റിന്റെ വലിപ്പം കാട്ടി പേടിപ്പിക്കാം.

അപ്പോള്‍ താന്‍ എത്രയില്‍ തുടങ്ങണം, ആശാന്‍ ആലോചിച്ചു. സത്യത്തിനും നീതിക്കും നിരക്കുന്ന ഒരു സംഖ്യതന്നെ വേണം എന്ന കാര്യത്തില്‍ സംശയമില്ല. അമ്പതിനായിരം ആയാലോ, ച്ഛേ, മോശമല്ലേ. എങ്കില്‍ പതിനായിരം, അല്ലെങ്കില്‍ വേണ്ട അയ്യായിരം.

ചിന്ത ഇത്രയുമായപ്പോള്‍ ആശാന്‍ ഓര്‍ത്തു, ബ്ലോഗ്‌ തുടങ്ങിയിട്ട്‌ രണ്ടു ദിവസമേ ആയിട്ടുള്ളു. അക്കാര്യം കൂടി സ്‌റ്റാറ്റിസ്‌റ്റിക്‌സില്‍ പരിഗണിക്കണം. അങ്ങനെ ആശാന്‍ അഞ്ഞൂറില്‍ ഹിറ്റ്‌ തുടങ്ങി.

ഇനി വായനക്കാര്‍ ഈ പേജിന്റെ ഇടതു വശത്തു കാണുന്ന സന്ദര്‍ശകരുടെ എണ്ണം ഒന്ന്‌ നോക്കണം. അവിടെയുള്ള സംഖ്യയില്‍ നിന്ന്‌ കൃത്യം 500 കുറച്ചാല്‍, ഹിറ്റുകളുടെ എണ്ണം കറക്ടായി കിട്ടും.

Sunday, October 28, 2007

ഗൂഗിള്‍ ചെയ്‌ത ചതി

ഗൂഗിളിന്റെ കടുത്ത ആരാധകനായിരുന്നു ആശാന്‍. സ്വാഭാവികമായും, ഗൂഗിളിന്റെ പുതിയ ട്രാന്‍സ്‌ലിറ്ററേഷന്‍ ടൂളിനെപ്പറ്റി സിബുവിന്റെ ബ്ലോഗില്‍ കണ്ടപ്പോള്‍ ആശാന്‌ നില്‍ക്കക്കള്ളിയില്ലാതായി. കഷ്ടിച്ച്‌ മലയാളം മാത്രം വഴങ്ങുന്ന തനിക്ക്‌ മുന്നിലിതാ, മറ്റ്‌ നാല്‌ ഭാരതീയഭാഷകള്‍ വന്നു വണങ്ങി നില്‍ക്കുന്നു!

നിരക്ഷരതയ്‌ക്ക്‌ ഇനി രക്ഷയില്ല, ആശാന്‍ ഓര്‍ത്തു. ടിം ബേണസ്‌ ലീ പത്തുവര്‍ഷം മുന്‍കൂട്ടി വേള്‍ഡ്‌ വൈഡ്‌ വെബ്ബ്‌ കണ്ടുപിടിക്കുകയും, ഗൂഗിള്‍ അതിനനുസരിച്ച്‌ മുമ്പേ പറക്കുന്ന പക്ഷിയാവുകയും ചെയ്‌തിരുന്നെങ്കില്‍, ഈ ട്രാന്‍സ്‌ലിറ്ററേഷന്‍ ടൂള്‍ അതിനനുസരിച്ച്‌ രംഗത്തെത്തുകയും ചെയ്‌തിരുന്നെങ്കില്‍, കേരളത്തില്‍ സമ്പൂര്‍ണ സാക്ഷരതായത്‌നം തന്നെ വേണ്ടി വരില്ലായിരുന്നു. എത്ര കാലാജാഥകള്‍, എത്ര ബോധവത്‌ക്കരണങ്ങള്‍, ഹോ, ഒന്നും വേണ്ടിവരുമായിരുന്നില്ല, ആശാന്‍ പരിതപിച്ചു.

പുതിയൊരു സാധ്യത മുന്നില്‍ വന്നാല്‍, അത്‌ പരീക്ഷിക്കാന്‍ മടി കാണിക്കരുതെന്ന ചിന്താഗതിക്കാരനായിരുന്നു ആശാന്‍. അതുപ്രകാരം ഗൂഗിള്‍ ടൂള്‍ പരീക്ഷിക്കാന്‍ എന്താണ്‌ മാര്‍ഗമെന്ന്‌ ആലോചിച്ചു. തിരിച്ചും മറിച്ചും ചിന്തിച്ചപ്പോള്‍, മധുരയില്‍ താമസിക്കുന്ന തന്റെ മരുമകന്റെ രൂപത്തില്‍ സാധ്യത തെളിഞ്ഞു തെളിഞ്ഞു വന്നു.

തമിഴനായ മരുമകന്‌ അവന്റെ മാതൃഭാഷയില്‍ തന്നെ ഇ-മെയില്‍ അയച്ചു ഞെട്ടിച്ചാലോ. തകര്‍ത്തു, ആശയം കൊള്ളാം, ആശാന്‌ ആവേശമായി. അങ്ങനെ, മലയാളത്തില്‍ വിചാരിച്ച്‌, ഇംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്‌ത്‌, സ്‌പേസ്‌ബാര്‍ തട്ടി തമിഴാക്കിയ ഇ-മെയില്‍ മരുമകനെത്തേടി മധുരയിലേക്ക്‌ പാഞ്ഞു.

ആശാന്‍ സമാധാനത്തോടെ അന്നുറങ്ങി. ആദ്യമായി അന്യഭാഷയില്‍ ഒരു മെയില്‍ അയയ്‌ക്കാന്‍ കഴിയുകയെന്നു പറഞ്ഞാല്‍ ചില്ലറ കാര്യമല്ലല്ലോ. പക്ഷേ, പിറ്റെ ദിവസം ഇ-മെയില്‍ ചെക്കുചെയ്‌ത ആശാന്‍ ഞെട്ടി. ഒരക്ഷരം പോലും തമിഴ്‌ അറിയാത്ത തനിക്കിതാ, കട്ടത്തമിഴിലൊരു കത്ത്‌ മരുമകന്റെ വകയായി വന്നു കിടക്കുന്നു!